Thursday, October 1, 2015

ഇനിയെങ്ങിനെ, ഞാനെന്റെ വീട്ടിലേക്കു തിരിച്ചു പോകും..?

ഒരേ വീട്ടിലാണ്‌, നാം പിറന്നു വീണത്‌; ഒരേ അക്ഷരമുറ്റത്തെക്കാണ് നാം പിച്ച വച്ചത്; പാടവരമ്പത്തൂടെ ഞാനും, ഒലീവ് തോട്ടത്തിലൂടെ നീയും. ഒരേ ആകാശത്തിലേക്കാണ്, നമ്മുടെ പട്ടം പറന്നുയര്‍ന്നത് ; ഒരേ ചന്ദ്രനിലാണ് നമ്മുടെ പ്രണയം നിലാവ് ചേര്‍ത്തത്. ഇന്നിപ്പോ, നിന്റെ വീടിനും, തോപ്പിനും, നിന്റെ ആകാശത്തിനും, നിലാവിനും അവര്‍ തീയിടുന്നു; നീയോ നിരാലംബം, മരുഭൂമികള്‍ താണ്ടുന്നു. ഇനിയെങ്ങിനെ, ഞാനെന്റെ വീട്ടിലേക്കു തിരിച്ചു പോകും..?

Sunday, February 8, 2015

കടല്‍ വെളിച്ചം


പെട്ടെന്നൊരു ഓര്മത്തിരയിളക്കം;
കടല്‍ത്തീരത്തു, കത്തുന്ന വെയിലില്‍,
ഇത്തിരിത്തണലില്‍ കടല്‍ നോക്കി,
നിശ്ശൂന്യമായിരിക്കുമ്പോള്‍,
അരികിലവള്മുണ്ടായിരുന്നു.
"ഞാനൊരു കപ്പലോട്ടക്കാരനായിരുന്നു".
'അകലെ നിന്നൊരു നൌക,
തീരം തേടി വരുന്നു,
മുകള്തട്ടിലാ നാവികന്‍;
തലപ്പാവ്, താടി, കണ്ണുകളില്‍ കടലിന്റെയാഴം,
കരുണ.
പെണ്ണുങ്ങള്‍ കക്ക വാരാന്‍
ഇറങ്ങി നടന്ന വഴിയിലൂടെ
ഊദിന്റെ പരിമളമായ്,
അയാള്‍ കരയിലേക്ക് നടന്നു.
മുല്ല പൂത്ത വഴികളില്‍
ഊദ് മണം അലിഞ്ഞില്ലാതായ്,
ഒരു കാറ്റിലപ്പോള്‍,
മൈലാഞ്ചിച്ചെടികള്‍ ചോത്തു തുടുത്തു.'
തീരം വിട്ടു,
തീരങ്ങളിലേക്ക് ഒരു പായക്കപ്പല്‍;
നീയെന്റെ ഇടനെഞ്ചില്‍ തൊടൂ,
ചിരപരിചിതമായൊരു പാട്ടിന്റെ താളം,
കടലലകളായ് നിനക്ക് കേള്‍ക്കാം,
സത്യം.

Monday, January 12, 2015

നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍


നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍;
കടല്‍ത്തീരത്ത്‌ ഞാന്‍
ഒറ്റക്കായിരുന്നു,
കുട ചൂടി, കുളിര് തോന്നി;
മഴ പെയ് തു, പെയ് തു
മണല്‍ തണുത്തിരിക്കുന്നു,
കാറ്റിലുലഞ്ഞു പെയ്യുന്ന മഴത്തുള്ളികള്‍,
കടലിലത്ര ദൂരം,
ഞാനങ്ങനെ നോക്കി,
നോക്കി നില്‍ക്കുന്നു.

നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍;
തടാകത്തില്‍ ഞാന്‍
പീത വര്‍ണത്തില്‍,
ഓളങ്ങളില്‍  ഒഴുകിയൊഴുകി
കരയുടെ മുനമ്പില്‍.
പുല്‍മേടുകള്‍ക്കപ്പുറം,
നീലക്കുന്നുകളില്‍,
മഞ്ഞു പെയ്യാന്‍ തുടങ്ങുന്നു.

നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍;
സുജൂദില്‍ ഞാന്‍,
നിലാവ് നേര്‍ത്തു, നേര്‍ത്തു
നീല വെളിച്ചമാകുന്നു. .
പരിമളം കിനാവ് കാണുന്നു.