Saturday, October 18, 2014

രാധ


ശിവന്റെ മുന്‍പില്‍ 
ധ്യാനിച്ച്‌ നില്‍ക്കുമ്പോള്‍ 
ഉള്ളില്‍ നിറഞ്ഞത്‌ 
മയില്‍പീലികള്‍ ..!

"ഇതെന്തു കഥ..!"

മതില്കെട്ടിനു പുറത്തു 
വന്നപ്പോള്‍ 
കള്ളച്ചിരിയോടെ കണ്ണാ 
നീയുണ്ട് മുന്‍പില്‍.

"എന്റെ ശിവ ..!"
എന്ന വിളിയോടെ 
അലിഞ്ഞു വീണത്‌ 
കൃഷ്ണാ നിന്റെ മാറിലേക്ക്‌ .

പിന്നീടൊരു 
പ്രളയ കാലത്ത് 
ശിവന്റെ അമ്പലത്തിലേക്ക് 
വഞ്ചി തുഴഞ്ഞത് 
കൃഷ്ണാ നീ തന്നെ .

എല്ലാ പ്രളയവും 
മഞ്ഞായുറയുന്ന സാനുവില്‍, 
ജീവിതം ഗംഗയായ് ,
സ്വച്ഛം,ശാന്തം,മനോഹരം .

വരണ്ട കാറ്റുകള്‍

മഴയെക്കുറിച്ചാണ് ഇന്നവളുടെ കുറിപ്പ് ;
--------------------------------------------------- September 15 -----------------------------------------
Shabna Khaleel 9/15, 1:00 am
"ഇതാ, ഈ മഴക്കാലം  കൂടി നിനക്ക് നഷ്ടമാവുകയാണ്‌;
ഇവിടെ എന്റെ ജനല്‍ പാളികള്‍ക്കപ്പുറത്തു, ഈ രാത്രിയില്‍ മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഒരു പക്ഷെ ഈ വരികള്‍ നിന്റെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചാല്‍ എന്റെയീ മഴയുടെ താളം നിനക്ക് കേള്‍ക്കാനാവും, ഓരോ മഴക്കാലത്തും ഞാനിതെയെഴുത്ത് എത്രയോ തവണ നിനക്കെഴുതിയിരിക്കുന്നു, മഴ നിനക്കത്രമാത്രം ഇഷ്ടമാണെന്നറിയാം.

എന്നെയാണോ ഈ മഴയെയാണോ നിനക്കേറ്റം ഇഷ്ടം എന്ന എന്റെ കുസൃതി ചോദ്യത്തിനു മുന്‍പില്‍ നീയെത്ര തവണ നിന്ന് പരുങ്ങിയിരിക്കുന്നു. ദേ നിനക്ക് വേണ്ടി ഞാനെന്റെ ജനല്‍പാളി തുറന്നിട്ടിരിക്കുന്നു, ഓരോ മഴത്തുള്ളിയും ഈ വരികള്‍ക്കൊപ്പം നിന്നെ തൊടാന്‍ വേണ്ടി , ജനാലക്കപ്പുറം തൊടിയില്‍ ഇലകളില്‍ പെയ്തുതിരുന്ന മഴയുടെ താളം ശമിച്ചു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷെ നിനക്ക് വേണ്ടി പെയ്യാന്‍ കരുതി വെച്ച് മഴയും എന്നെപ്പോലെ കാത്തിരിക്കാന്‍ തുടങ്ങിയതാകുമോ ..?.

ഇറയത്തു നിന്നും ഇറ്റ് വീഴുന്ന മഴത്തുള്ളികള്‍ മണ്ണിലേക്ക് അലിഞ്ഞില്ലാതാകുന്ന നേര്‍ത്ത ശബ്ദം; എനിക്കിപ്പോള്‍ കേള്‍ക്കാനാവുന്നുണ്ട്‌, മഴയുള്ള ഓരോ രാത്രിയിലും ഉറക്കത്തിലേക്കു നാം അലിഞ്ഞില്ലതായതു ഈ താളത്തിനു കാതോര്‍ത്തായിരുന്നു. നിന്റെ ഹൃദയ താളത്തിന്റെ താരാട്ടില്‍ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോള്‍ , നീ കാതോര്‍ത്തു കിടക്കുന്നതു ഈ മഴ പോളകളുടെ ഇറ്റി വീഴുന്ന നേര്‍ത്ത സംഗീതത്തിനു വേണ്ടിയായിരുന്നു.

ഇപ്പൊ നിന്റെ "ഷഹബാസ് " പാടിക്കൊണ്ടിരിക്കുന്നു ;
" സജ്നീ .............. സജ്നീ .....ഇനി വേറെയായ് ......" 

ഈ മഴയില്‍ നിന്നും എന്നില്‍ നിന്നും വേറെയായി കഴിയാന്‍ നിനക്ക് കഴിയുന്നതെങ്ങിനെ ..? 

ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളാണ് നിനക്കെറെയിഷ്ടം എന്നറിയാം , കാറ്റ് പോലുമില്ലാതെ മരം പെയ്യണമെന്ന നിന്റെ ആഗ്രഹം പോലെ.

കാലുകളിലേക്ക് തണുപ്പ് അരിച്ചെതാന്‍ തുടങ്ങിയിരിക്കുന്നു. നിന്റെയീ മഴയെ ഇനി ഞാന്‍ ഒറ്റയ്ക്ക് പെയ്തു തോരാന്‍ വിടുകയാണ് . തണുപ്പ് വേദനയായ് പടരുന്നതിന് മുന്‍പേ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീഴട്ടെ ....."

******************************
ഓഫീസില്‍ നിന്നും വരുന്നത് ,ഇന്നിനി കമ്പ്യൂട്ടരിന്റെ മുന്പിലെക്കില്ലയെന്ന തീരുമാനത്തിലായിരിക്കും. പക്ഷെ താവളത്തിലെത്തുമ്പോള്‍ പ്രിയമുള്ളവരുടെ മെസ്സേജു വല്ലതും കാത്തു കിടപ്പുണ്ടോയെന്നു നോക്കാതെ വയ്യ. പിന്നെ മൌസില്‍ സ്ക്രോള്‍ ചെയ്തു സമയം പോകുന്നതറിയില്ല. 
ഇന്നിതാ ഒരുപാടു നാളിനു ശേഷം അവളുടെ ഒരു കുറിപ്പ്. 
ഇന്നിനി തിരിചെഴുതാന്‍ വയ്യ. മനസ്സിനേക്കാള്‍ കൈകളും കണ്ണും തളര്‍ന്നു പോയിരിക്കുന്നു. ചിലപ്പോഴെക്കെ തോന്നാറുണ്ട് ഓഫീസിലെ മോണിറ്റര്‍ ഒരു ദിവസം പണിമുടക്കുമെന്ന്.
******************************

--------------------------------------------------- September 17 -----------------------------------------
Khaleel Rahman 9/17,5:02 pm
"പണ്ട് ഞാന്‍ ആഗ്രഹിച്ച പോലെ മരുഭൂമിയുടെ ഉള്ളിന്റെയുള്ളിലാണ് ഇത്തവണ എന്റെ assignment , പലപ്പോഴും എനിക്ക് തോന്നാറുണ്ട് , ഈ മരുഭൂമി എന്നെപ്പോലെയാണെന്ന്. ഓരോ ദിവസവും ഓരോ സ്വഭാവാണ്. ഇന്ന് മരുക്കാറ്റിന്റെ ദിവസായിരുന്നു. എല്ലാവരും പറയുന്നു നാളെ മുതല്‍ കഠിനമായ തണുപ്പ് തുടങ്ങും , അതാണി കാറ്റെന്നു. ഇന്നലെ വരെ വല്ലാത്തൊരു ശാന്തതയായിരുന്നു ചുറ്റിലും. ഈ ഭാവ ഭേദങ്ങളെ അതി ജീവിക്കാന്‍ ശ്രമിക്കയാണ്;

 ഇപ്പൊ ഞാന്‍ നിന്നെക്കുറിചാണ് ആലോചിക്കുന്നത്. "
******************************
------------------------------------------------------ September 19 ---------------------------------------
Ramya Sajeer 9/19,6:17 pm

സഖാവെ , അങ്ങനെ ഒത്തിരി കാലത്തിനു ശേഷം നാം വീണ്ടും കണ്ടു മുട്ടുന്നു . നീയെന്നെ തിരഞ്ഞു പിടിച്ചിരിക്കുന്നു. ഒരു മൗസ് ക്ലിക്കിനുമപ്പുരം നീയുണ്ടാവുമെന്നു എനിക്കറിയാമായിരുന്നു. പക്ഷെ എന്തോ ഒരു ആവേശത്തിന്റെ കുറവ്. ഓഫീസ്, വീട് , കുട്ടികള്‍ , ജീവിതത്തിന്റെ ഒരു സ്ഥിരം pattern . എങ്കിലും ഈ ജീവിതം ഞാന്‍ enjoy ചെയ്യുന്നു. എനിക്ക് കിട്ടാവുന്ന എന്റെ ഏറ്റവും നല്ല ജീവിതം.

ബസ്‌ യാത്രക്കിടയിലെ വീണു കിട്ടുന്ന , ഉണര്‍വിനും മയക്കത്തിനുമിടയിലെ നിമിഷ നേരങ്ങളില്‍ നമ്മുടെ ആ പഴയ വഴികളിലൂടെ ഞാന്‍ അലഞ്ഞു തിരിയാറുണ്ട് . 
"സ്വാതന്ത്ര്യം, ജനാധിപത്യം ....." നിന്റെ മുദ്രാവാക്യങ്ങള്‍ ഇപ്പോഴും ആ വരാന്തയുടെ അകലങ്ങളില്‍ നിന്നും മുഴങ്ങി ക്കെള്‍ക്കാം.

ഒന്ന് കാണാന്‍ ആഗ്രഹമുണ്ട്, ഇനി നാട്ടില്‍ വരുമ്പോള്‍ വരൂ, കുടുംബത്തെയും കൂട്ടി ഒരു ദിവസം."

Khaleel Rahman 9/19,7:10 pm
തീര്‍ച്ചയായും വരാമെന്ന് കരുതുന്നു..

എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു . എന്നാലും ഇന്നലെ കോളേജ് വിട്ടു ഇറങ്ങിയതായ് തോന്നുന്നു.

പതിനെഴു വര്‍ഷങ്ങള്‍ ....
 എന്തെല്ലാം മാറ്റങ്ങള്‍ , 
ജീവിതത്തില്‍ ഇനിയെന്ത് എന്ന് പകച്ചു നിന്ന നിമിഷങ്ങള്‍ .
പ്രണയ നിരാസങ്ങള്‍, ദാരിദ്ര്യം , കണ്ണിലിരുട്ട്‌ കയറിയ ദിനങ്ങള്‍ . 
ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നില്‍ക്കതെയുള്ള ഓട്ടമായിരുന്നു ജീവിതം .

ഇപ്പൊ ഇതാ ഈ മരുഭൂമിയില്‍ . ഇതന്റെ ആഗ്രഹം കൂടിയായിരുന്നു.
ഈ ഒറ്റപ്പെടലിന്റെ വേദന മധുരമായി ഞാന്‍ ആസ്വദിക്കുന്നു. ജീവിതം കര പറ്റി തുടങ്ങുന്നു സഖാവെ, ഈ ഓട്ടത്തിന് ഇടയ്ക്ക് നഷ്ടമായതിന്റെ കണക്കെടുപ്പ് ഞാന്‍ നടത്തിയിട്ടില്ല. നീ പറഞ്ഞ എന്റെ മുദ്രാവാക്യമടക്കം .

--------------------------------------------------------- September 20 ------------------------------------
Ramya Sajeer 9/20,6:10 pm

നിനക്കൊന്നും നഷ്ടമായിട്ടില്ല. നിന്റെ എഴുത്തും , ചിന്തയും . നിന്റെ ഓരോ വാക്കിലും അത് കാണുന്നുണ്ട് . സന്തോഷം. 

നാട്ടില്‍ വരുമ്പോള്‍ കാണാന്‍ മറക്കരുത്.
--------------------------------------------------------- September 20 ------------------------------------
Krishna Prasad 9/20,10:10 pm

ഒറ്റ വെട്ടില്‍ 
മരിക്കെണ്ടാതായിരുന്നു.
അമ്പത്ത്ഒന്നിലും ജീവിക്കുന്നു.
--------------------------------------------------------- September 25 ------------------------------------
Khaleel Rahman 9/25,7:35 pm
വിപ്ലവത്തെ നീ മൂന്നു വരിയിലേക്ക് ചുരുട്ടി കെട്ടിയോ ?

മരുഭൂമിയുടെ "ഒളിത്താവളത്തില്‍ " ഇരുന്നു എനിക്കത് ചോദിക്കാം ല്ലേ ..?.

കൃഷ്ണ ഇപ്പോഴും നീയൊരു ഇടിമുഴക്കത്തിനായ് കാതിരിക്കുന്നുണ്ടോ ..? 
എവിടേയോ വായിച്ചതായ് ഓര്‍ക്കുന്നു. 

"വര്‍ഗ സമരങ്ങളുടെ കാലം കഴിയാറായി , ഇനി വംശീയ കലാപങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത് . ലോകം മുഴുവനും പുതിയ പുതിയ വംശീയ കലാപങ്ങള്‍ ഉണ്ടാവും .......... അന്യോന്യം ഒറ്റിക്കൊടുക്കും "

നിനക്കിനിയൊരു ഒറ്റുകാരനാവുകയെ നിവൃത്തിയുള്ളു. ഒന്നാലോചിച്ചാല്‍ എനിക്കും.


Krishna Prasad 9/25,8:50 pm

മുന്നില്‍ നിന്ന് നയിച്ച തന്നെപ്പോലുള്ളവര്‍ പല കാരണങ്ങളാല്‍ വിട്ടു പോയപ്പോഴും എന്റെ ആവേശം തെല്ലും കുരഞ്ഞിരുന്നില്ല. എല്ലാ ബഹളങ്ങള്‍ക്കിടയിലും താന്‍ തനിച്ചാണല്ലോ എന്ന തോന്നലിന്റെ തിരച്ചിലിനൊടുവിലാണ് അവള്‍ ജീവിതത്തിലേക്ക് കടന്നു വരുന്നത് . പക്ഷെ എന്നെ തിരിച്ചറിയാന്‍ ഇനിയുമവള്‍ക്ക് കഴിഞ്ഞിട്ടില്ല.
ലോകം മുഴുവന്‍ നമ്മെ അറിഞ്ഞാലും , സ്നേഹിച്ചാലും നമ്മെ യഥാര്‍ത്ഥത്തില്‍ അറിയേണ്ടവര്‍ അറിഞ്ഞില്ലായെങ്കില്‍ ....

അവിടം മുതലാണ്‌ ഞാന്‍ ഉള്‍വലിഞ്ഞു തുടങ്ങിയത്.
 എന്റെ എല്ലാ ആത്മ വിശ്വാസവും നഷ്ടമായി തുടങ്ങിയത് .അവളെ പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങള്‍ രണ്ടു പേരുടെയും ലോകം രണ്ടാണ്.
--------------------------------------------------------- September 27 ------------------------------------
Khaleel Rahman 9/27,7:28 pm
കൂടെ ജോലി ചെയുന്ന ഒരു സുഹൃത്ത്‌ ഒരിക്കല്‍ പറഞ്ഞത് ഓര്മ വരുന്നു.
മരുഭൂമിയില്‍ രണ്ടു തരത്തിലുള്ള ആളുകളാണ് ഉണ്ടാവുക;
പ്രവാചകന്മാര്‍ ,
അല്ലെങ്കില്‍ കിരുക്കന്മാര് .

ഞാനൊരു ധ്യാനത്തിലാണ് . 
ഒരു പ്രവാചകാനായ് ജീവിതത്തെ തിരിച്ചു പിടിക്കാന്. 
ഈ മരുഭൂമി എന്നിലും ചില മാറ്റങ്ങള്‍ വരുതാതിരിക്കില്ല. 
എന്തിനെന്നറിയാതെ അലറിക്കരഞ്ഞ രാത്രികള്‍ സാക്ഷി.

പിന്നെയൊന്നും ഓര്‍മയില്ല;

പിന്നെയൊന്നും
ഓര്‍മയില്ല;
കരയും, കണ്ണ്നീരും
തിരയും, മോഹങ്ങളും
ആകാശവും, സ്വപ്നങ്ങളും
ഒന്നും.

നിന്നിലേക്കുള്ള വഴികള്‍
നീണ്ടു നീണ്ടു പോകട്ടെ
കാടുകള്‍, നാടുകള്‍, ചുടലകള്‍
ഒടുക്കങ്ങളില്‍ നിന്ന്
തുടക്കങ്ങളിലേക്ക്
തുടരുന്ന അതിരുകള്‍.

പിന്നെയൊന്നും
ഓര്‍മയില്ല.
നിന്‍മുഖം മാത്രം
ജ്വലിക്കുന്നു.

പൊട്ടിച്ചിരിയെക്കാള്‍ മനോഹരമായ കരച്ചിലില്ല തന്നെ.

മടുപ്പുകളുടെ
ഏഴു കടലുകള്‍ക്കും
അപ്പുറവും, ഇപ്പുരവുമിരുന്നാണ്
നമ്മുടെയീ കിന്നാരം.

അകലെയാകുമ്പോള്‍
അടുത്തും , അടുത്താകുമ്പോള്‍
അകന്നും നമ്മുടെയീ
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍..!

പൊട്ടിച്ചിരിയാണ്
പിന്നെയൊരുത്തരം.

അല്ലെങ്കിലും
പൊട്ടിച്ചിരിയെക്കാള്‍
മനോഹരമായ
കരച്ചിലില്ല തന്നെ.

Sunday, September 14, 2014

ഒഴുകാന്‍ മറന്ന പുഴ

എന്റെ മൌനങ്ങളിലേക്ക്
നിന്റെ സ്വപ്‌നങ്ങളെ
ചേര്‍ത്ത് വയ്ക്കരുത്.

ഒഴുക്ക് നിലച്ച പുഴ,
കടലിനെ മറന്ന്‍
പോയിരിക്കുന്നു.

മധുരമായൊരു
നൊമ്പരം പോലും
ഓളങ്ങളായി
തീരം തൊടുന്നില്ല .

വെള്ളാരംകല്ലുകള്‍
തിരഞ്ഞു പോയവന്‍ ,
പുഴയാഴങ്ങളില്‍
നീലിമ തേടുമ്പോള്‍,
നിന്റെ സ്വപ്‌നങ്ങള്‍
അനാഥമാകരുത് .


Saturday, September 6, 2014

ഓര്‍മ്മകളെല്ലാം സ്വര്‍ഗത്തിലേക്ക് യാത്ര പോകയാണ്.

ഒറ്റമുറിയില്‍
തനിച്ചുറങ്ങുമ്പോഴാണ്
ഓര്‍മ്മകള്‍ സ്വപ്നങ്ങളായി
വിരുന്നെത്തുന്നെത് ;
അപ്പോഴാണ്‌,
നിന്റെ കൈ പിടിച്ചു
ആകാശങ്ങളിലേക്ക്
അപ്പൂപ്പന്‍താടി പോലെ
പറന്നു പോകുന്നത്;
വരാന്തയുടെ,
കല്‍ത്തൂണിനപ്പുറം,
നിന്റെ പട്ടുപാവാടയുടെ
പച്ചപ്പ്‌ പ്രബഞ്ചമാകെ
പരക്കുന്ന്തു;
ഓര്‍മ്മകളെല്ലാം
സ്വര്‍ഗത്തിലേക്ക്
യാത്ര പോകയാണ്.
ചുറ്റിലും വീശുന്ന
കാറ്റിനു ചോരയുടെ മണം;
അപ്പോഴും പ്രണയത്തെക്കുറിച്ച്
മാത്രമീ വാചാലത;
അല്ലെങ്കില്‍,
അല്ലെങ്കിലെന്നെയിതൊരു
ആത്മഹത്യാക്കുറിപ്പായ്
വായിക്കപ്പെടുമായിരുന്നു.